ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സ്ഥാപന ഉടമ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സ്വന്തം പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സ്ഥാപന ഉടമ അറസ്റ്റലായി. ചക്കാലമുക്ക് സ്വദേശിയായ രാഹുൽ പി അശോക് ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീടിന് തൊട്ടുതാഴത്തെ നിലയിലാണ് ഈ പ്രിന്റിങ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇവിടെ ആകെ രണ്ട് വനിതാ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ മാർച്ച് 13-നാണ് ഈ സംഭവം നടക്കുന്നത്. അന്ന് സ്ഥാപനത്തിലെ ഒരു ജീവനക്കാരി ശുചിമുറിയിൽ കയറിയ സമയത്ത് അവിടെയുള്ള വേസ്റ്റ് ബിന്നിൽ സംശയാസ്പദമായ രീതിയിൽ ഒരു വസ്തു ഇരിക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വേസ്റ്റ് ബിന്നിൽ ഘടിപ്പിച്ച നിലയിൽ ഒരു ഒളിക്യാമറയും അതിനോട് ചേർന്നുള്ള പവർ ബാങ്കും അവർ കണ്ടെത്തി.

​വിവരമറിഞ്ഞ ഉടനെ ഈ പെൺകുട്ടി കൂടെ ജോലി ചെയ്യുന്ന രണ്ടാമത്തെ ജീവനക്കാരിയോട് കാര്യം പറയുകയും, തുടർന്ന് ഇവർ ശ്രീകാര്യം പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. താൻ പിടിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഉടമയായ രാഹുൽ ഉടൻ തന്നെ അവിടെ നിന്നും മറ്റൊരു ഒളിത്താവളത്തിലേക്ക് കടന്നുകളഞ്ഞു. ഒളിവിൽ കഴിയുന്ന സമയത്ത് ഇയാൾ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളിക്കളയുകയാണ് ഉണ്ടായത്. ജാമ്യം നിഷേധിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം ശ്രീകാര്യം പോലീസ് ഇയാളുടെ ഒളിത്താവളത്തിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഒളിക്യാമറ, പവർ ബാങ്ക്, മെമ്മറി കാർഡ് എന്നിവ പ്രതി മറ്റെവിടേക്കോ മാറ്റിയിട്ടുണ്ട്. ഈ നിർണായക തെളിവുകൾ കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവ കണ്ടെത്താനായി പ്രതിയെ കൂടുതൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. പ്രതിയായ രാഹുൽ ആദ്യമായല്ല ഇത്തരം ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് എന്നാണ് ശ്രീകാര്യം പോലീസ് സംശയിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *