അന്താരാഷ്ട്ര മെഡിക്കല്‍ ചാരിറ്റി ഓര്‍ഗനൈ സേഷന് ( എം.എസ്. എഫ്) വിലക്കേർപ്പെടുത്തി ഇസ്റാഈൽ
ടെല്‍അവീവ്: ഫലസ്തീന്‍ അന്താരാഷ്ട്ര
ജീവനക്കാരുടെ പട്ടിക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ചാരിറ്റി ഓര്‍ഗനൈസേനായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിനെ (എം.എസ്.എഫ് ) വിലക്കി ഇസ്രഈല്‍.
ഗസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്നതില്‍ നിന്നാണ് സംഘടനയെ ഇസ്രഈല്‍ വിലക്കിയിരിക്കുന്നത്.
സുതാര്യതയും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നത് എം.എസ്.എഫ് എന്തോ മറച്ച് വെക്കുന്നതിനാലാണെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന് എന്തോ മറച്ചുവെക്കാനുള്ളതായി തെളിഞ്ഞു. എല്ലാ കക്ഷികളെയും സംരക്ഷിക്കാനുദ്ദേശിച്ചുള്ള സുതാര്യത അംഗീകരിക്കുന്നിന് പകരം എം.എസ്.എഫ് ഗസയില്‍ നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നു,’ ഇസ്രഈലിന്റെ പ്രസ്താവനയില്‍ പറയുന്നു.
രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് ഹമാസുമായും ഇസ്‌ലാമിക് ജിഹാദുമായും ബന്ധമുണ്ടെന്ന് ഇസ്രഈല്‍ ആരോപിച്ചിരുന്നുഎന്നാല്‍ സംഘടന ഈ ആരോപണം ശക്തമായി നിഷേധിച്ചിട്ടുണ്ട്.
തങ്ങളുടെ ഫലസ്തീന്‍ അന്താരാഷ്ട്ര ജീവനക്കാരുടെ പേരുകള്‍ ഇസ്രഈല്‍ അധികൃതരുമായി പങ്കിടുമെന്ന് എം.എസ്.എഫ് വെള്ളിയാഴ്ച്ച വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ജീവനക്കാരുടെ വിവരങ്ങള്‍ ഭരണഘടനാപരമായ ആവശ്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കൂ എന്നും ജീവനക്കാരെ അപകടത്തിലാക്കില്ലെന്നും ഉറപ്പുനല്‍കാനും ചാരിറ്റി ആവശ്യപ്പെട്ടു.
എന്നാല്‍ ആ ഉറപ്പ് ഇസ്രഈല്‍ ല്‍കിയിട്ടില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ജീവനക്കാരുടെ വിവരങ്ങള്‍ പങ്കിടില്ലെന്ന് തങ്ങള്‍ തീരുമാനിച്ചുവെന്നും എം.എസ്.എഫ് പറഞ്ഞു.
സംഘടനകളുടെ രജിസ്‌ട്രേഷന്‍ പ്രക്രിയയുടെ ഭാഗമായി സ്റ്റാഫ് ലിസ്റ്റുകള്‍ കൈമാറാന്‍ എം.എസ്.എഫ് പ്രതിജ്ഞാബദ്ധരാണെന്നും പൊതുജന പ്രതിബദ്ധതയുണ്ടായിരുന്നിട്ടും പട്ടിക കൈമാറുന്നതില്‍ നിന്ന് സംഘടന വിട്ടുനിന്നുവെന്നും ഇസ്രഈല്‍ വിദേശമന്ത്രാലയം ആരോപിച്ചു.
രജിസ്‌ട്രേഷന്‍ പ്രക്രിയയുമായി മുന്നോട്ട് പോവില്ലെന്ന് എം.എസ്.എഫ് പിന്നീടാണ് പ്രഖ്യപിച്ചതെന്നും ഇത് മുന്‍ പ്രസ്താവനകള്‍ക്കും നിര്‍ബന്ധിത പ്രോട്ടോകോളിനും വിരുദ്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതുകൊണ്ട് തന്നെ 2026 ഫെബ്രുവരി 28നകം എം.എസ്.എഫ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ഗസമുനമ്പില്‍ നിന്ന് പുറത്ത് പോകാാന്‍ നിര്‍ബന്ധിതരാവുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രഈലിന് വിവരങ്ങള്‍ നല്‍കാനുള്ള സംഘടനയുടെ ആദ്യത്തെ തീരുമാനം മെഡിക്കല്‍ സമൂഹത്തിനുള്ളില്‍ വിവാദത്തിന് കാരണമായിരുന്നു.
ഉത്തരവ് പാലിക്കാന്‍ സമ്മതിക്കുന്നതിലൂടെ എം.എസ്.എഫ് തങ്ങളുടെ ജീവനക്കാരുടെ ജീവന്‍ കൂടുതല്‍ അപകടപ്പെടുത്തിലാക്കുകയാണെന്ന് ലോക പ്രശസ്ത ഫലസ്തീന്‍ സര്‍ജന്‍ ഡോ.ഗസ്സാന്‍ അബു സിത്ത ലിസ്റ്റ് നല്‍കാനുള്ള നീക്കത്തെ അപലപിച്ചുകൊണ്ട് മുന്നറിപ്പ് നല്‍കിയിരുന്നു.
ഫലസ്തീന്‍ ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് മാര്‍ച്ച് ഒന്നുമുതല്‍ എം.എസ്.എഫ് ഉള്‍പ്പടെയുള്ള 37 സഹായ ഗ്രൂപ്പുകളെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നത് വിലക്കാന്‍ ഇസ്രഈല്‍ പദ്ധതിയിടുന്നതായി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു
ഇതിന് പിന്നാലെയാണ് നിരോധിക്കല്‍ നടപടി.
ഇത്തരം നടപടികള്‍ ഗസയിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

