റീൽസ് ചിത്രീകരിക്കുന്ന തിനിടെയുണ്ടായ അപകടത്തിൽ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ് ഒരു കുട്ടി മരിച്ചു
ലഖ്നൊ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് നഗറിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വാട്ടർ ടാങ്കിന് മുകളിൽ നിന്ന് വീണ് ഒരു കുട്ടി മരിച്ച. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ കാശിറാം ആവാസ് കോളനിയിലൊണ് സംഭവം നടന്നത്. ഇവിടത്തെ 60 അടി ഉയരമുള്ള പഴക്കമേറിയ ടാങ്കിന് മുകളിൽ അഞ്ച് കുട്ടികളാണ് കയറിയത്.
ടാങ്കിന് മുകളിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ഗോവണി തകർന്നതോടെ മൂന്നുപേർ താഴേക്ക് പതിക്കുകയും ഇതിൽ ഒരാൾ മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടസമയത്ത് ഗോവണിയിൽ തൂങ്ങിക്കിടന്ന മറ്റ് രണ്ട് കുട്ടികൾ തിരികെ മുകളിൽ കയറി അവിടെ കുടുങ്ങിപ്പോയി.
കുടുങ്ങിക്കിടന്ന കുട്ടികളെ രക്ഷിക്കാൻ അധികൃതർ ആദ്യം ഹൈഡ്രോളിക് ക്രെയിൻ എത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രദേശം ചതുപ്പായതിനാൽ ആ നീക്കം പരാജയപ്പെട്ടു. തുടർന്ന് ക്രെയിൻ എത്തിക്കാനായി രാത്രിയിൽ തന്നെ 150 മീറ്റർ റോഡ് നിർമ്മിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും പുലർച്ചെയുണ്ടായ ശക്തമായ മഴ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സമായി. ഇതോടെ സാഹചര്യം സങ്കീർണ്ണമാകുകയും ജില്ലാ ഭരണകൂടം ഇന്ത്യൻ വ്യോമസേനയുടെ സഹായം തേടുകയും ചെയ്തു. ഒടുവിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിയാണ് ടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികളെ സുരക്ഷിതമായി താഴെയിറക്കിയത്. ഏകദേശം 16 മണിക്കൂർ നീണ്ടുനിന്ന ആശങ്കകൾക്കൊടുവിലാണ് ഈ സാഹസിക രക്ഷാപ്രവർത്തനം പൂർത്തിയായത്.

