തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിക്കൂടിയാണ് താൻ പ്രവർത്തിച്ചത്’ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ
നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. തന്റെ കഴിവിനും അപ്പുറം അധ്വാനിച്ചെന്നും മനസാക്ഷിയോട് നീതി പുലർത്തിയാണ് ഭരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടിക്കൂടിയാണ് താൻ പ്രവർത്തിച്ചതെന്ന്അദ്ദേഹം കുറിപ്പിൽ ഓർമ്മിപ്പിച്ചു. രാഷ്ട്രീയ ജീവിതത്തിൽ വിജയങ്ങളും പരാജയങ്ങളും സ്വാഭാവികമാണെന്നും ജയപരാജയങ്ങളേക്കാൾ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനുമാണ് താൻ പ്രാധാന്യം നൽകുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഡി.എം.കെയുടെ യാത്ര തുടരുമെന്നും കൂട്ടിച്ചേർത്തു.
2021-ൽ എഴുപതിനായിരത്തിലധികം
വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിന് വിജയിച്ച കൊളത്തൂർ മണ്ഡലത്തിലാണ് ഇത്തവണ മുഖ്യമന്ത്രിയായ സ്റ്റാലിന് അടിതെറ്റിയത്. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാനാർത്ഥി വി.എസ്. ബാബുവാണ് സ്റ്റാലിനെ അട്ടിമറിച്ചത്. മുഖ്യമന്ത്രി തന്നെ പരാജയപ്പെട്ടത് ഡി.എം.കെ കേന്ദ്രങ്ങളെയും രാജ്യത്തെയും ഒരുപോലെ വിസ്മയിപ്പിച്ചിരിക്കുകയാണ്. സ്റ്റാലിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ നാലാമത്തെ പരാജയമാണിത്.
ഒരുകാലത്ത് സ്റ്റാലിന്റെ വിശ്വസ്തനായിരുന്ന വി.എസ്. ബാബുവിന്റെ വിജയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. 2011-ൽ സ്റ്റാലിൻ ആദ്യമായി കൊളത്തൂരിൽ മത്സരിക്കുമ്പോൾ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു അന്ന് ഡി.എം.കെ വടക്കൻ ചെന്നൈ സെക്രട്ടറിയായിരുന്ന ബാബു. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം 2,700 ആയി കുറഞ്ഞതോടെ അതിന്റെ പേരിൽ ബാബുവിനെ പദവിയിൽ നിന്ന് നീക്കിയിരുന്നു. തുടർന്ന് ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെയിൽ ചേർന്ന അദ്ദേഹം ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‌യുടെ പാർട്ടിയിൽ എത്തിയത്. തന്നെ പുറത്താക്കിയ പഴയ നേതാവിനെതിരെ തകർപ്പൻ വിജയം നേടിയാണ് ബാബു ഇപ്പോൾ മധുരപ്രതികാരം വീട്ടുന്നത്.

