വിവാഹം കഴിഞ്ഞ് വെറും നാലാം നാൾ സ്ത്രീധനത്തിന് വധുവിനെ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തി.

പട്ന: വിവാഹം കഴിഞ്ഞ് വെറും നാലാം നാൾ സ്ത്രീധനത്ത ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നവവധുവിനെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തി. ബിഹാറിലെ അറായി സ്വദേശിനിയായ സഞ്ജുകുമാരിയാണ് (23) ദാരുണമായി കൊല്ലപ്പെട്ടത്. മേയ് ഏഴിനായിരുന്നു വിനോദ് പാൽ എന്ന യുവാവുമായുള്ള സഞ്ജുവിന്റെ വിവാഹം നടന്നത്.
വലിയ ആഡംബരത്തോടെ നടത്തിയ വിവാഹത്തിൽ നാല് ലക്ഷം രൂപയും ബൈക്കും ഫ്രിജും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ വൻതോതിൽ സ്ത്രീധനം നൽകിയിരുന്നു. എന്നാൽ, വിവാഹദിവസം വിനോദിന്റെ വീട്ടുകാർ ഒരു സ്വർണ്ണമാല കൂടി അധികമായി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
​മാല പിന്നീട് നൽകാമെന്ന് സഞ്ജുവിന്റെ മാതാപിതാക്കൾ പറഞ്ഞെങ്കിലും, ഇതിന്റെ പേരിൽ പെൺകുട്ടിയെ ഭർതൃവീട്ടുകാർ നിരന്തരം പരിഹസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. വിവാഹത്തിന് പിന്നാലെ ഭർത്താവ് വിനോദ് ജോലിസ്ഥലത്തേക്ക് മടങ്ങിയതോടെ ക്രൂരത വർദ്ധിച്ചു. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാൻ പോലും അനുവദിക്കാതെ സഞ്ജുവിനെ അവർ തടങ്കലിലെന്ന പോലെ പാർപ്പിച്ചു. രഹസ്യമായി വീട്ടുകാരെ വിളിച്ച് താൻ അനുഭവിക്കുന്ന ദുരിതം സഞ്ജു അറിയിച്ചിരുന്നെങ്കിലും, പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്നാണ് വീട്ടുകാർ മറുപടി നൽകിയത്.
​മേയ് 13-ന് സഞ്ജുവിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഇരുന്നതായിരുന്നു. അന്ന് വീട്ടുകാരുമായി സംസാരിക്കവെ, മകളുടെ കരച്ചിൽ കേട്ടെന്നും ‘സഞ്ജുവിന്റെ ശവമേ ഇനി അങ്ങോട്ട് വരൂ’ എന്ന് ഭർതൃമാതാവ് ഭീഷണിപ്പെടുത്തിയെന്നും സഹോദരൻ ശിവം പറയുന്നു. പിറ്റേദിവസം തന്നെ വീട്ടുകാർ അങ്ങോട്ട് പോകാൻ തീരുമാനിച്ചെങ്കിലും അതിന് മുൻപേ പോലീസ് സന്ദേശമെത്തി. ഭർതൃവീട്ടുകാർ സഞ്ജുവിനെ കൊലപ്പെടുത്തി മൃതദേഹം തെളിവ് നശിപ്പിക്കാനായി കത്തിച്ചുകളയുകയായിരുന്നു.
അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ വീട് പൂട്ടി ഒളിവിൽ പോയി. സഞ്ജുവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിനോദിനെയും അമ്മയെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *