വ്യാപാരിയെ കബളിപ്പിച്ച് കോടികളുടെ ഊദ് തട്ടിപ്പ്; സംലത്തെ രാജകുമാരി’ക്ക് വേണ്ടി തയ്യാറാക്കിയ 27 കോടിയുടെ അപൂര്‍വ്വ ‘ഊദ്’; സിനിമയെ വെല്ലുന്ന തട്ടിപ്പ്, 12 മണിക്കൂറിനുള്ളില്‍ വൻ ട്വിസ്റ്റ്

ദുബായ് :പരാതി ലഭിച്ച്‌ വെറും 12 മണിക്കൂറിനുള്ളില്‍ അതീവ രഹസ്യമായ നീക്കത്തിലൂടെയാണ് പ്രതികളെ പൊലീസ് വലയിലാക്കിയത്. ഇരകളെ വിശ്വസിപ്പിക്കുന്നതിനായി സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ‘രാജകുമാരി’യായി വ്യാജ വേഷം ധരിച്ചാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്.

സിനിമയെ വെല്ലുന്ന തട്ടിപ്പ്

തട്ടിപ്പ് സംഘത്തിലെ രണ്ട് പ്രതികള്‍ ആദ്യം ദുബായിലെ പ്രമുഖ ഊദ് വ്യാപാര സ്ഥാപനത്തിലെത്തി. ഒരു പ്രമുഖ രാജകുമാരിക്ക് തങ്ങളുടെ പക്കലുള്ളതില്‍ വച്ച്‌ ഏറ്റവും മികച്ചതും അപൂർവ്വവുമായ ആഡംബര ഊദ് വാങ്ങാൻ താല്പര്യമുണ്ടെന്ന് ഇവർ വ്യാപാരിയെ ധരിപ്പിച്ചു. വലിയൊരു ബിസിനസ്സ് ഉറപ്പിച്ച സന്തോഷത്തില്‍ വ്യാപാരി ദിവസങ്ങള്‍ക്കൊണ്ട് 27 കോടി രൂപ വിലമതിക്കുന്ന അപൂർവ്വ ഊദ് ശേഖരം പ്രത്യേകം ബാഗുകളിലാക്കി തയ്യാറാക്കി വെച്ചു. തുടർന്ന് ഇടനിലക്കാരായ പ്രതികളെ ബന്ധപ്പെടുകയും രാജകുമാരിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇതിനായി തട്ടിപ്പ് സംഘം ദുബായില്‍ ആഡംബര വില്ലയും വൻ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. വ്യാപാരി വില്ലയില്‍ എത്തിയപ്പോള്‍ വൻ സ്വീകരണമാണ് സംഘം നല്‍കിയത്. രാജകുമാരിയായി വേഷമിട്ട സ്ത്രീയും വില്ലയിലുണ്ടായിരുന്നു. പരിശോധനയ്ക്കായി ഊദ് അടങ്ങിയ ബാഗുകള്‍ കൈപ്പറ്റിയ ശേഷം വ്യാപാരിയോട് അല്പസമയം കാത്തിരിക്കാൻ ഇവർ ആവശ്യപ്പെട്ടു. ഈ സമയത്തിനുള്ളില്‍ ബാഗിലിരുന്ന യഥാർത്ഥ ഊദ് മാറ്റി പകരം സാധാരണ മരക്കഷ്ണങ്ങള്‍ നിറയ്ക്കുകയായിരുന്നു. തുടർന്ന് വ്യാപാരിയെ കബളിപ്പിച്ച്‌ ഇവർ അവിടെ നിന്നും മുങ്ങി.

പിറ്റേന്ന് വ്യാപാരി ഇവരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളുടെ ഫോണുകളെല്ലാം സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ വ്യാപാരി ഉടൻ തന്നെ ദുബായ് പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ചയുടൻ ദുബായ് പൊലീസിലെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രത്യേക സംഘം രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. സാങ്കേതികവിദ്യയുടെയും കൃത്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആദ്യം നാല് പ്രതികളെ പിടികൂടി.

തട്ടിപ്പ് നടത്തി രാജ്യം വിടാൻ സാധ്യതയുണ്ടായിരുന്ന ശേഷിക്കുന്ന നാല് പ്രതികള്‍ക്കെതിരെ പൊലീസ് ഉടനടി ‘റെഡ് നോട്ടീസ്’ പുറപ്പെടുവിച്ചു. തുടർന്ന് മണിക്കൂറുകള്‍ക്കകം അവരെയും പൊലീസ് വിജയകരമായി വലയിലാക്കി. 12 മണിക്കൂറിനുള്ളില്‍ കേസ് പൂർണ്ണമായും തെളിയിക്കാനും മോഷണം പോയ കോടിക്കണക്കിന് രൂപയുടെ ഊദ് കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. യുഎഇയില്‍ ബിസിനസ്സ് ചെയ്യുന്നവർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പൊലീസ് എപ്പോഴും സജ്ജമാണെന്ന് ഈ വേഗതയേറിയ അറസ്റ്റിലൂടെ ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടതായി പൊലീസ് മേധാവികള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *