വിദ്വേഷ പരാമർശ ങ്ങളുടെ അകമ്പടിയില്ലാതെ സംസാരിക്കാൻ അറിയില്ലേ? സംയമനത്തോടെ സംസാരിക്കാൻ ശ്രമിക്കൂ. ആർ എസ് എസ് നേതാവിനോട് കർണ്ണാടക ഹൈകോടതി.
ബംഗളുരു:പൊതുവേദികളിൽ വിദ്വേഷം കലർന്ന സംസാരം അവസാനിപ്പിച്ചുകൂടേയെന്ന് ആർഎസ്എസ് നേതാവ് ഡോ. കല്ലട്ക പ്രഭാകർ ഭട്ടിനോട് കർണാടക ഹൈക്കോടതി. വിഷാംശം കലർന്ന പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊതുജനത്തോട് സംയമനത്തോടെ പെരുമാറണമെന്നും കോടതി കർശനമായി ശാസിച്ചു. മുസ്‌ലിം സ്ത്രീകളെയും ജനനനിരക്കിനെയും ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പരാമർശങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രഭാകർ ഭട്ട് നൽകിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷവിമർശനം.
ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വിദ്വേഷ പരാമർശങ്ങളുടെ അകമ്പടിയില്ലാതെ സംസാരിക്കാൻ അറിയില്ലേ? സംയമനത്തോടെ സംസാരിക്കാൻ ശ്രമിക്കൂ നിങ്ങൾക്ക് എതിരെ പരാതികൾക്ക് മേൽ പരാതികൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. എന്തായാലും ഈ പരാതികൾ നിയമപരമായി തന്നെ കോടതി പരിശോധിക്കും,” ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി.
മുസ്‌ലിം സമൂഹത്തെ നിരന്തരം മോശക്കാരായി ചിത്രീകരിക്കുന്ന തരത്തിൽ കല്ലട്ക പ്രഭാകർ ഭട്ട് പ്രസംഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കർണാടക സ്റ്റേറ്റ് ദലിത് സംഘടനാ നേതാവ് ഐശ്വരി പത്മനുജയാണ് പോലീസിൽ പരാതി നൽകിയിരുന്നത്. പൊതുസമ്മേളനങ്ങളെ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കരുതെന്നും ഇയാൾക്ക് മേൽ നിയന്ത്രണങ്ങൾ ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹിന്ദു, മുസ്‌ലിം ജനനനിരക്കുകളെ താരതമ്യം ചെയ്ത് കല്ലട്ക പ്രഭാകർ ഭട്ട് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറയുകയാണെന്ന തരത്തിൽ ആശങ്ക പ്രകടിപ്പിച്ച ഇയാൾ, ചില മണ്ഡലങ്ങളിൽ ഹിന്ദുക്കളുടെ ആൾബലം കുറയുമെന്നും അതിനാൽ ഒരു വീട്ടിൽ ചുരുങ്ങിയത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും ആഹ്വാനം ചെയ്തിരുന്നു.
ഈ പ്രസ്താവനക്കെതിരെ ഹിന്ദു സമുദായത്തിൽ നിന്ന് തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ആർഎസ്എസ് നേതാവിന്റെ പ്രസ്താവന ഇരുസമുദായങ്ങളിലെയും സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്നതാണെന്നും പൊതുസമാധാനം തകർക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ജനനനിരക്ക്, പ്രസവം, സ്ത്രീകളുടെ സ്വാതന്ത്ര്യം, ‘ലവ് ജിഹാദ്’ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് ഇയാൾ മുൻപും നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

