AI girlfriend

വിയറ്റ്നാമില്‍ സ്പീഡ് ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും.

ഹനോയ് / ആലപ്പുഴ :വിയറ്റ്നാമില്‍ സ്പീഡ് ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയും കൊല്ലം കൊട്ടാരക്കര സ്വദേശികളുമായ എ സി തോമസ്(57), ഭാര്യ ലോവേനി തോമസ്(56)എന്നിവരാണ് മരിച്ചത്.

ബോട്ടിലുണ്ടായിരുന്ന 32 യാത്രക്കാരുടെയും മരിച്ചവരുടേയും പട്ടിക വിയറ്റ്നാമിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. മരണപ്പെട്ട 15 പേരില്‍ രണ്ട് പേര്‍ കേരളത്തില്‍നിന്നും മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍നിന്നും പത്ത് പേര്‍ തമിഴ്നാട്ടില്‍ നിന്നുമുള്ളവരാണ്.

വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഫുക്വോക് ദ്വീപിന് സമീപത്ത് പ്രാദേശിക സമയം 10.30 ഓടെയാണ് അപകടമുണ്ടായത്. 32 ഇന്ത്യന്‍ യാത്രികരും മൂന്ന് ക്രൂ അംഗങ്ങളും ഒരു അറ്റന്‍ഡന്റുമാണ് ബോട്ടിലുണ്ടായിരുന്നത്. 21 പേരെ രക്ഷപ്പെടുത്തി. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട സ്പീഡ് ബോട്ട് കരയില്‍നിന്ന് ഏകദേശം 400 മീറ്റര്‍ അകലെ വെച്ച്‌ കീഴ്‌മേല്‍ മറിയുകയായിരുന്നു. ഓഷ്യന്‍ പേള്‍ ഐലന്‍ഡ് കമ്പനി സര്‍വീസ് നടത്തുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയും കാറ്റുമാണ് അപകടത്തിലേക്ക് നയിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.

മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം പി വിയറ്റ്നാമിലെ ഇന്ത്യന്‍ അംബാസിഡറുമായി സംസാരിച്ചു. അപകടത്തില്‍ മരണമടഞ്ഞത് എ സി തോമസും ഭാര്യ ലോവേനി തോമസുമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട എം പി, വിയറ്റ്നാം അധികൃതരുമായി ഏകോപനം നടത്തി നിയമപരവും ഭരണപരവുമായ നടപടികള്‍ വേഗത്തിലാക്കുകയും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും അഭ്യര്‍ഥിച്ചു.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ കോണ്‍സുലര്‍ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ എംബസി സത്വര നടപടി സ്വീകരിക്കുമെന്ന് അംബാസിഡര്‍ എം പിയെ അറിയിച്ചു. അപകടത്തില്‍ 15 പേര്‍ മരിച്ചെന്നാണ് സ്ഥിരീകരണം. മരിച്ചവരില്‍ 13 പുരുഷന്മാരും രണ്ട് വനിതകളും ഉള്‍പ്പെടുന്നു. 17 വിനോദസഞ്ചാരികളെയും നാല് വോട്ട് ജീവനക്കാരും ഉള്‍പ്പെടെ 21 പേരെ രക്ഷപ്പെടുത്തി. ചികില്‍സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. കടല്‍ക്ഷോഭവും മോശം കാലാവസ്ഥയും ബോട്ടിലെ സാങ്കേതിക പ്രശ്നവും അപകടത്തിന് കാരണമായെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *