വാൽപ്പാറ ചുരത്തിൽ മിനി വാൻ മറിഞ്ഞ് മലയാളികളായ 9 പേർ മരിച്ചു.
പൊള്ളാച്ചി :പൊള്ളാച്ചി വാൽപ്പാറ ചുരത്തിൽ മിനി വാൻ മറിഞ്ഞ് മലയാളികളായ 9 പേർ മരിച്ചു.നാലു പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും ഒരു കുട്ടിയുമാണ്.
വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം. മലപ്പുറത്തുനിന്ന് വിനോദയാത്രക്കുപോയ അധ്യാപക സംഘമാണ് അപകടത്തിൽപെട്ടത്. മലപ്പുറം വളാഞ്ചേരിക്കു സമീപം പാങ്ങ് പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. 13ാം ഹെയർ പിൻ വളവിൽനിന്ന് നിയന്ത്രണം വിട്ട് സുരക്ഷ ഭിത്തിയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ വാൻ 11ാം വളവിലാണ് വന്ന് പതിച്ചത്.
അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദിൻ (11), മസ്നീൻ (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫാഇസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്. വാൽപ്പാറയിലേക്ക് വിനോദയാത്രക്ക് എത്തിയതായിരുന്നു സംഘം. വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നിലഗുരുതരമാണ്. ഡ്രൈവറടക്കം 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 40 ഹെയർപിൻ വളവുകളാണ് വാൽപ്പാറ ചുരത്തിലുള്ളത്. പൂർണമായി വനത്തിലൂടെയുള്ള പാതയിലെ ചുരത്തിൽ വ്യൂ പോയിന്റുകളടക്കമുണ്ട്. ചാലക്കുടി -അതിരപ്പിള്ളി – മലക്കപ്പാറ വഴിയാണ് സംഘം വാൽപ്പാറയിലെത്തിയത്. പെരിന്തൽമണ്ണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.


