ജാതി വിവേചന ത്തിൻ്റെ പട്ടികയിൽ പേരുദോഷം വന്ന ചിരട്ടക്ക് പൊന്നും വില!
കോഴിക്കോട് : ജാതി വിവേചനത്തിൻ്റെ പട്ടികയി ചിരട്ടയിൽ ഭക്ഷണം കൊടുത്ത് സവർണ്ണർ പേരുദോഷം വരുത്തിയ ചിരട്ട പഴയ പേരു ദോഷം മാറ്റി തിരിച്ചു വരുന്നു. ചിരട്ടയ്ക്ക് ഇപ്പോള്‍ പൊന്നും വിലയാണ്. ചിരട്ടകള്‍ വലിച്ചെറിയുകയായിരുന്നു ഇതുവരെ ചെയ്തിരുന്നതെങ്കില്‍, ചിരട്ട അന്വേഷിച്ച് വാഹനവുമായി ഇപ്പോള്‍ ഗ്രാമങ്ങള്‍ തോറും ആളുകള്‍ എത്തുന്ന സ്ഥിതിയാണ്.
രണ്ടുവർഷം കൊണ്ട് ചിരട്ടയുടെ വില മൂന്നിരട്ടിയായാണ് വർദ്ധിച്ചത്. നിലവില്‍ കിലോയ്ക്ക് 32 മുതല്‍ 35 രൂപ വരെയാണ് മൊത്തക്കച്ചവടക്കാർ നല്‍കുന്നത്. നാളികേരം കൊപ്ര ആക്കുന്നവർക്കും വെളിച്ചെണ്ണ എടുക്കുന്നവർക്കും ഇതോടെ അധിക വരുമാനവുമായി.
തമിഴ്നാട്ടിലേക്കും കർണാടകയിലേക്കുമാണ് ചിരട്ട കൂടുതലായി കയറ്റുമതി ചെയ്യുന്നത്. വലിയ ലോറികളുമായി ചിരട്ട വ്യാപാരികള്‍ ജില്ലയിലെത്തുന്നുണ്ട്. കരി എടുക്കാനും ഓയില്‍ എടുക്കാനുമാണ് ചിരട്ട കൂടുതലായി ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ചിരട്ടയുടെ ഉപയോഗം മറ്റ് പല മേഖലകളിലേക്കും വ്യാപിച്ചെന്നും വ്യാപാരികള്‍ പറയുന്നു.
ചൈന, ഇറ്റലി, ജർമനി, ജപ്പാൻ എന്നിവിടങ്ങളിലേക്ക് ചിരട്ടക്കരി ഇപ്പോള്‍ കയറ്റി അയയ്ക്കുന്നുണ്ട്. ഇതിനുള്ള വലിയ വ്യവസായ ശാലകള്‍ തമിഴ്നാട്ടിലും കർണാടകയിലും ഉണ്ടെന്ന് സംഭരണ ഏജൻസികള്‍ പറയുന്നു. വെള്ളം ശുദ്ധീകരണത്തിനും സൗന്ദര്യ വർദ്ധന വസ്തുക്കള്‍ നിർമ്മിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്. ഉയർന്ന ആഗിരണശക്തി ഉള്ളതിനാല്‍ വായു ശുദ്ധീകരണത്തിനും ജലശുദ്ധീകരണത്തിനും ചിരട്ടയില്‍ നിന്നും നിർമ്മിക്കുന്ന ഉത്തേജിത കരി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രധാനമായും ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും പ്യൂരിഫയർ നിർമാതാക്കള്‍ ചിരട്ടക്കരിയാണ് കൂടുതലും ആശ്രയിക്കുന്നത്. കൂടുതല്‍ സമയം കത്തിനില്ക്കുമെന്നതും അമിതമായി പുക പുറപ്പെടുവിക്കുന്നില്ല എന്നതും കൂടുതല്‍ ചൂട് നല്കുന്നു എന്നതും മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് വ്യവസായങ്ങളില്‍ ചിരട്ടക്കരിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇതിനുപുറമേ ചിരട്ടയില്‍ നിർമ്മിക്കപ്പെടുന്ന സ്പൂണുകള്‍, ബൗളുകള്‍, ജ്വല്ലറികള്‍ എന്നിവയ്ക്ക് ആഗോളതലത്തില്‍ പ്രചാരം വർദ്ധിച്ചതും ചിരട്ട കയറ്റുമതി വർദ്ധിക്കാൻ കാരണമായി. വിപണി വാണിരുന്ന തേങ്ങയുടെ വില ഇടിയുകയാണ്. പച്ചത്തേങ്ങ കിലോഗ്രാമിന് 80 രൂപ വരെയുണ്ടായിരുന്നത് 35 രൂപ വരെ താഴ്ന്നിരുന്നു. തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇതരസംസ്ഥാനങ്ങളില്‍ തേങ്ങ ഉല്‍പ്പാദനം കൂടിയതും പശ്ചിമേഷ്യൻ സംഘർഷവും വിലയിടിവിന് കാരണമായി പറയുന്നു.

