കേസിൽ അനുകൂല വിധി സമ്പാദിക്കുന്നതിനായി ജഡ്ജിയുടെ കസേരയിൽ കടുക് വിതറി കൂടോത്രം
കർണാടക :ചിക്കബല്ലപുരിൽ കോടതിമുറിയിൽ അതിക്രമിച്ചു കയറി മന്ത്രവാദവും കൂടോത്രവും നടത്തിയ 65കാരി പിടിയിൽ. കോടതിയിൽ തനിക്കെതിരെയുള്ള കേസിൽ അനുകൂല വിധി സമ്പാദിക്കുന്നതിനായി ജഡ്ജിയുടെ കസേരയിൽ കടുക് വിതറയ വത്സന്ന സ്വദേശി മഞ്ജുളയാണ് അറസ്റ്റിലായത്. ജൂലൈ ഒൻപതിന് രാവിലെ 9:40-ഓടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് സ്ത്രീ കസേരയിലും ഡയസിലും കടുക് വിതറിയത്. കോടതി ജീവനക്കാർ ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മഞ്ജുളയുടെ കള്ളത്തരം പുറത്തായത്. കേസിൽ വിജയം ഉറപ്പിക്കാൻ മന്ത്രവാദം നടത്തിയതാണെന്ന് വ്യക്തമായതോടെ കോടതിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017-ലെ കർണാടക പ്രിവൻഷൻ ആൻ്റ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ എവിൾ പ്രാക്ടീസസ് ആൻ്റ് ബ്ലാക്ക് മാജിക്ക് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ സ്ത്രീയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയുടെ പവിത്രതയ്ക്ക് കളങ്കം വരുത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കേസിൽ തുടരന്വേഷണം നടക്കുകയാണെന്നും ചിക്കബല്ലപുർ സിറ്റി പൊലീസ് അറിയിച്ചു. സ്വന്തം കേസ് ജയിക്കാൻ കോടതിമുറിയിൽ തന്നെ ഇത്തരം അന്ധവിശ്വാസപരമായ കാര്യങ്ങൾ ചെയ്തത് വലിയ അത്ഭുതത്തോടെയാണ് നാട് നോക്കിക്കാണുന്നത്.കോടതി പോലുള്ള അതീവ സുരക്ഷാ മേഖലകളിൽ ഇത്തരം അന്ധവിശ്വാസപരമായ പ്രവർത്തനങ്ങൾ നടത്തുന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് അധികൃതർ കണക്കാക്കുന്നത്. ജഡ്ജിയുടെ ഇരിപ്പിടം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ രാസവസ്തുക്കളോ മറ്റ് വസ്തുക്കളോ വിതറുന്നത് കോടതി നടപടികളെ ബാധിക്കുമെന്നതിനാൽ ഇതിനെ അതീവ ഗൗരവമായാണ് കോടതിയും പോലീസും കാണുന്നത്.മഞ്ജുളയ്ക്കെതിരെ ചുമത്തിയിട്ടുള്ള ‘കർണാടക പ്രിവൻഷൻ ആൻ്റ് എറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ എവിൾ പ്രാക്ടീസസ് ആൻ്റ് ബ്ലാക്ക് മാജിക്ക് ആക്ട്’ വളരെ കർശനമായ ഒന്നാണ്. കോടതിയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചതിനും മന്ത്രവാദം പോലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനും ഇവർക്ക് കഠിനമായ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇവരെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും.കോടതിയെ അമിതവിശ്വാസങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചത് ജനങ്ങൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നിയമനടപടികൾക്ക് പകരം ഇത്തരത്തിൽ കൂടോത്രങ്ങളെ വിശ്വസിച്ച സ്ത്രീയുടെ നടപടി സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ എത്രത്തോളം വേരോടിയിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് പലരും അഭിപ്രായപ്പെടുന്നു.

