ബംഗാളിൽ 1500 ഓളം ആരാധനാല യങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ അഴിച്ചുമാറ്റി
കൊൽക്കത്ത :രണ്ട് ദിവസത്തിനുള്ളിൽ ബംഗാളിലുടനീളമുള്ള 1500 ഓളം ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ അഴിച്ചുമാറ്റ. ശബ്ദമലിനീകരണ പരാതികൾ പരിഹരിക്കുന്നതിനുള്ള പൊലീസിന്റെ വ്യാപക പരിശോധനയുടെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം .
നിർദിഷ്ട ശബ്ദപരിധി ലംഘിച്ചതിനെ തുടർന്ന് പൊലീസ് നിർദേശത്തെത്തുടർന്ന് മസ്ജിദുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നുമൊക്കെയായി ആകെ 5,299 ഉച്ചഭാഷിണികൾ അഴിച്ചുമാറ്റിയതായി മുഖ്യമന്ത്രി സുവേന്ദ്ര അധികാരി പറഞ്ഞു. ഇതിൽ 4,203 എണ്ണം മസ്ജിദുകളിൽ നിന്നും 1,096 എണ്ണം ക്ഷേത്രങ്ങളിൽ നിന്നുമാണ്.
1,279 മസ്ജിദുകളോടും 199 ക്ഷേത്രങ്ങളോടുമാണ് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. എല്ലാ ആരാധനാലയങ്ങൾക്കെതിരെയും വിവേചനമില്ലാതെ ഒരുപോലെയാണ് നടപടി സ്വീകരിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
2000-ലെ ബംഗാൾ ശബ്ദമലിനീകരണ (നിയന്ത്രണ) ചട്ടങ്ങൾ അനുസരിച്ച്, പകൽ സമയങ്ങളിൽ (രാവിലെ 6 മുതൽ രാത്രി 10 വരെ) പൊതു ഇടങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസിന്റെ മുൻകൂർ അനുമതിയും, ശബ്ദപരിധി നിയന്ത്രിക്കുന്നതിനുള്ള ‘സൗണ്ട് ലിമിറ്ററുകളും’ നിർബന്ധമാണ്. കൂടാതെ ശബ്ദം 50 മുതൽ 75 ഡെസിബെല്ലിനുള്ളിൽ ആയിരിക്കുകയും വേണം. പ്രാദേശിക പോലീസ് വാക്കാൽ നിർദേശിച്ചതനുസരിച്ചാണ് ഉച്ചഭാഷിണികൾ നീക്കം ചെയ്തതെന്നും, ഇതിനായി എഴുതിത്തയ്യാറാക്കിയ ഉത്തരവുകളൊന്നും നൽകിയിട്ടില്ലെന്നും ചില മസ്ജിദ്-ക്ഷേത്ര കമ്മിറ്റി പ്രതിനിധികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

