കാശിയിൽ അലിഞ്ഞു ചേരുമെന്ന കുറിപ്പെഴുതി വെച്ച് വീടുവിട്ട പ്ലസ്ടു വിദ്യാർഥി ശിവസൂര്യ യ്ക്കായി എസ്ഐടി രൂപീകരിച്ച് അന്വേഷണം. കാണാതായിട്ട് 9 ദിവസം
കണ്ണൂർ:ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ വീടുവിട്ട പ്ലസ്ടു വിദ്യാർഥി ശിവസൂര്യയ്ക്കായി എസ്ഐടി രൂപീകരിച്ച് അന്വേഷണ. കണ്ണൂർ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തിരഞ്ഞ് പുറപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടിൽനിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ്
അലിഞ്ഞു ചേരുമെന്നാണ് കുറിപ്പിൽ ഉള്ളത്
ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 9 ദിവസമായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും പൊലീസിനു ലഭിച്ചില്ല. ഇതുവരെ തലശ്ശേരി എസ്പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാലാണ് എസ്ഐടി രൂപീകരിച്ചത്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് ശിവസൂര്യ വീടുവിട്ടത്

