മമത ബാനർജി, കെജ്രിവാൾ, പിണറായി വിജയൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഡൽഹിയിൽ കസ്റ്റഡിയിൽ
ന്യൂഡൽഹി:തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ജന്തർ മന്തറിന് സമീപം പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നടപടി. നിരവധി പ്രതിപക്ഷ നേതാക്കളെയും വിദ്യാർഥി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ സൗത്ത് അവന്യൂവിൽവച്ചാണ് പൊലീസ് തടഞ്ഞത്. തുടർന്ന് ബസ് സ്റ്റാൻഡിൽ ഇരുന്ന് പ്രതിഷേധിച്ച മമതയെയും ഡെറക് ഒബ്രിയൻ, ദോല സെൻ എന്നിവരടക്കം അഞ്ച് പാർട്ടി എംപിമാരെയും പൊലീസ് ബസിൽ കയറ്റി കൊണ്ടുപോയി. വായിൽ ബാൻഡേജ് ഒട്ടിച്ചായിരുന്നു മമതയുടെ പ്രതിഷേധം.
സർക്കാർ ഞങ്ങളോട് മോശമായാണ് പെരുമാറുന്നത്’ എന്ന് പൊലീസ് ബസിനുള്ളിൽനിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മമത പറഞ്ഞു. ജനങ്ങളുടെ ശബ്ദം ശക്തിപ്പെടുത്താനുള്ള പോരാട്ടം ഇന്ത്യാ സഖ്യം തുടരുമെന്നും അവർ വ്യക്തമാക്കി.
രാവിലെ മുതൽ ഡൽഹി പൊലീസ് വളഞ്ഞിരുന്ന വസതിയിൽനിന്ന് പ്രതിഷേധത്തിൽ പങ്കെടുക്കാൻ പുറത്തേക്കിറങ്ങിയപ്പോഴാണ് അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തത്. രാജ്യത്തെ യുവാക്കൾ പൊലീസ് നടപടികളിൽ ഭയപ്പെടില്ലെന്നും വോട്ട് മോഷണത്തിനെതിരായ പോരാട്ടം തുടരുമെന്നും കെജ്രിവാൾ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രതിഷേധത്തിൽ എല്ലാവരും പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

