ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ് ഹീറോയായ ജിം ഉടമ ദീപക് കുമാറിന് നേരെ ഭീഷണി.
ഡൊറാഡൂൺ :
മുസ്‌ലിം കച്ചവടക്കാരൻ്റെ
കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ് ഹീറോയായ ജിം ഉടമ ദീപക് കുമാറിന് നേരെ ഭീഷണി വീടിന് നേരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണ ശ്രമവും നടത്തി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ ദീപക് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പേര് ചോദിച്ചപ്പോള്‍ ‘മുഹമ്മദ് ദീപക്’ എന്ന് മറുപടി നല്‍കിയ സംഭവം ഏറെ കൈയടി നേടിയിരുന്നു.
കടയുടമയെ ഭീഷണിപ്പെടുത്തുന്നത് തടഞ്ഞതിന് പിന്നാലെ തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക ഭീഷണി ഉയര്‍ന്നതായി ദീപക് കുമാര്‍ പറയുന്നു. കോട്ദ്വാറിലെ ദീപക് കുമാറിന്റെ വീടിന് മുന്നിലെത്താനും ദീപക്കിനെ ‘ഒരു പാഠം പഠിപ്പിക്കാനും’ ബജ്‌റംഗ് ദള്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ആക്രമണ സാധ്യതയുണ്ടെന്ന് ദീപക് പൊലീസിനെ വിവരം അറിയിച്ചു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നിങ്ങളായിരിക്കുമെന്നും അധികൃതരെ അറിയിച്ചു.
തൊട്ടടുത്ത ദിവസം രാവിലെ ഒരുകൂട്ടം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ദീപക്കിന്റെ വീട്ടിനു മുന്നിലെത്തി. മുദ്രാവാക്യം വിളിച്ചും ദീപക്കിനെയും വീട്ടുകാരെയും അധിക്ഷേപിച്ചും ഇവര്‍ ഏഴ് മണിക്കൂറോളം വീടിന് മുന്നില്‍ തുടര്‍ന്നു. ‘അവര്‍ എന്റെ അമ്മയെയും സഹോദരിയെയും കുടുംബത്തെയാകെയും അധിക്ഷേപിച്ചു. എന്നാല്‍, അധികൃതര്‍ ഒന്നും ചെയ്തില്ല’ -ദീപക് പറയുന്നു. രണ്ട് മണിക്കൂറോളം പൊലീസ് തന്നെ ഒരു സെല്ലില്‍ അടച്ചതായും അദ്ദേഹം പറഞ്ഞു.

