സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’ മകന് ഭീഷണി യാകുമോ എന്ന ആശങ്കയിൽ മാതാപിതാക്കൾ
മുംബൈ: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘കോക്രോച്ച് ജനത പാര്‍ട്ടി’എന്ന ആക്ഷേപഹാസ്യ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ആശങ്ക രേഖപ്പെടുത്തി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ മാതാപിതാക്കള്‍.
രാഷ്ട്രീയ ഉള്ളടക്കങ്ങളുടെ പേരില്‍ മകന്‍ നിയമക്കുരുക്കില്‍ അകപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്‌തേക്കാമെന്ന ഭീതിയിലാണ് മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ താമസിക്കുന്ന ഭഗവാന്‍ ദിപ്‌കെയും അനിത ദിപ്‌കെയും.
ഒരു മറാത്തി വാര്‍ത്താ ചാനലിനോട് സംസാരിക്കവെയാണ് മകന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ അവര്‍ പങ്കുവെച്ചത്.
ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയും ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ അസോസിയേറ്റുമായ അഭിജീത് ദിപ്‌കെ ഒരാഴ്ച മുമ്പാണ് ഈ ഡിജിറ്റല്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രം 19 ദശലക്ഷത്തിലധികം (1.9 കോടി) ഫോളോവേഴ്‌സിനെ സ്വന്തമാക്കാന്‍ കോക്രോച്ച് ജനത പാര്‍ട്ടിക്ക് സാധിച്ചു.
മകന് ലഭിച്ച ഈ അപ്രതീക്ഷിത ജനപ്രീതി തങ്ങളുടെ ഉറക്കം കെടുത്തിയെന്നാണ് പിതാവ് ഭഗവാന്‍ ദിപ്‌കെ വ്യക്തമാക്കുന്നത്.
‘ഇന്നത്തെ രാഷ്ട്രീയം നോക്കുകയാണെങ്കില്‍, എത്ര അനുയായികള്‍ ഉണ്ടായാലും ഭയം സ്വാഭാവികമാണ്. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ഭയം അവന്‍ തന്നെ ഒരു അഭിമുഖത്തില്‍ പ്രകടിപ്പിച്ചിരുന്നു.
അത്തരം സംഭവങ്ങളെക്കുറിച്ച് നമ്മള്‍ പത്രങ്ങളില്‍ വായിക്കുന്നതാണ്. അവന്‍ പ്രശസ്തനായതില്‍ എനിക്ക് വലിയ ആശങ്കയുണ്ട്. കഴിഞ്ഞ രണ്ട് രാത്രികളായി ഞാന്‍ ഉറങ്ങിയിട്ടില്ല. എനിക്ക് രാഷ്ട്രീയം വെറുപ്പാണ്, അതില്‍ ഒട്ടും താത്പര്യവുമില്ല’, ഭഗവാന്‍ ദിപ്‌കെ പറഞ്ഞു.
മകന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്ന് സ്വന്തമായി ഒരു കരിയര്‍ കെട്ടിപ്പടുക്കണമെന്നാണ് അമ്മ അനിത ദിപ്‌കെയുടെ ആഗ്രഹം.
‘അവന്‍ സുരക്ഷിതമായി വീട്ടിലെത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. രാഷ്ട്രീയത്തില്‍ തുടരണോ വേണ്ടയോ എന്നത് അവന്റെ തീരുമാനമായിരിക്കും, പക്ഷേ അവന്‍ അത് പിന്തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവന്‍ ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഇക്കാര്യത്തില്‍ ഞാന്‍ അവനെ പിന്തുണയ്ക്കില്ല, എനിക്ക് അവനെക്കുറിച്ച് ഓര്‍ത്ത് വലിയ ആശങ്കയുണ്ട്’, അനിത പറഞ്ഞു
ഉന്നത വിദ്യാഭ്യാസത്തിനായി പൂനെയിലേക്ക് പോകുന്നതിന് മുന്‍പ് അഭിജീത് ഛത്രപതി സംഭാജിനഗറിലാണ് പഠിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്‍ജിനീയറിങ് പഠനം അവന് ബുദ്ധിമുട്ടായിരുന്നുവെന്നും അതിനുശേഷമാണ് അവന്‍ മാധ്യമപ്രവര്‍ത്തനത്തിലേക്കും പത്രപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞതെന്നും അനിത പറഞ്ഞു.
തുടര്‍ന്ന് സഹോദരി താമസിക്കുന്ന വിദേശത്തേക്ക് പത്രപ്രവര്‍ത്തന പഠനത്തിനായി അഭിജീത് മാറുകയായിരുന്നുവെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് പകരം പൂനെ, ദല്‍ഹി പോലുള്ള നഗരങ്ങളില്‍ സ്ഥിരമുള്ള ഒരു ജോലി കണ്ടെത്തണമെന്നായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും ഭഗവാന്‍ ദിപ്‌കെ പറഞ്ഞു. അയല്‍ക്കാരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമാണ് തങ്ങള്‍ ‘കോക്രോച്ച് ജന്ത പാര്‍ട്ടി’യെക്കുറിച്ച് ആദ്യം അറിയുന്നതെന്നും ഇവര്‍ പറഞ്ഞു.
രാജ്യത്തെ പല പ്രമുഖരേക്കാളും കൂടുതല്‍ ഫോളോവേഴ്‌സ് തന്റെ മകന് സോഷ്യല്‍ മീഡിയയിലുണ്ടെന്ന് ബന്ധുക്കളിലൊരാളാണ് അനിതയെ അറിയിച്ചത്. നേരത്തെ അവന്‍ ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തും നമ്മള്‍ രാഷ്ട്രീയക്കാരല്ലെന്നും ഒരു നല്ല ജോലി നോക്കണമെന്നും അവനോട് പറഞ്ഞിരുന്നതായി അനിത പറയുന്നു.അഭിഭാഷക പദവിക്ക് സീനിയര്‍ പദവി ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമര്‍ശങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില്‍ നിന്നാണ് ‘കോക്രോച്ച് ജന്ത പാര്‍ട്ടി’ എന്ന ആശയം രൂപപ്പെട്ടതെന്ന് അഭിജീത് ദിപ്‌കെ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ ബിരുദങ്ങളിലൂടെ നിയമരംഗത്തേക്ക് പ്രവേശിക്കുന്ന വ്യക്തികളെ വിമര്‍ശിക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് ‘പരാദ ഭോജികള്‍’, ‘കോക്രോച്ച്’ പാറ്റ എന്നീ പദങ്ങള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചതാണെന്നും വ്യാജ ബിരുദങ്ങള്‍ നേടുന്ന ആളുകളെ ലക്ഷ്യം വെച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നും ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയെങ്കിലും, ഈ വിഷയം ഏറ്റെടുത്ത് അഭിജീത് കാമ്പെയ്ന്‍ ആരംഭിക്കുകയായിരുന്നു.
പാറ്റയെ ചിഹ്നമായി ഉപയോഗിച്ചാണ് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത്. മീമുകള്‍, ആക്ഷേപഹാസ്യം, ഗ്രാഫിക്‌സ്, രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ എന്നിവയിലൂടെയാണ് സി.ജെ.പി എളുപ്പത്തില്‍ യുവാക്കളിലേക്കെത്തിയത്.
തൊഴിലില്ലായ്മ, പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസം തുടങ്ങിയ യുവജനങ്ങളെ ബാധിക്കുന്ന ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ആക്ഷേപഹാസ്യ പ്രകടനപത്രികകളായും ക്യാമ്പെയ്ന്‍ പോസ്റ്റുകളായും അവതരിപ്പിച്ചാണ് തുടക്കം.
‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’ എന്നാണ് അഭിജീത് ദിപ്‌കെ സോഷ്യല്‍ മീഡിയയില്‍ ഈ പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത്.
രാഷ്ട്രീയ ആക്ഷേപഹാസ്യ കണ്ടന്റുകള്‍ കൂടുതലായി വന്നതോടെ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവെക്കുന്നതടക്കമുള്ള നടപടികള്‍ കേന്ദ്രം കൈക്കൊണ്ടു. എന്നാല്‍, അക്കൗണ്ട് പൂട്ടി മണിക്കൂറുകള്‍ക്കകം തന്നെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരില്‍ ദിപ്‌കെ പുതിയ അക്കൗണ്ട് ആരംഭിച്ചു.

