കടുത്ത നെഞ്ചുവേദനയ്ക്കിടയിലും വിട്ടൊഴിയാത്ത ഉത്തരവാദിത്തം; കുരുന്നുകളെ സുരക്ഷിതരാക്കി സ്കൂൾ വാൻ ഡ്രൈവർ യാത്രയായി
കുറ്റ്യാടി: നെഞ്ചുപൊട്ടുന്ന വേദനയ്ക്കിടയിലും തന്റെ വണ്ടിയിലെ കുരുന്നുകളുടെ ജീവന് കാവലൊരുക്കി ഒരു മാതൃകാ ഡ്രൈവർ യാത്രയായി. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂളിലെ വാൻ ഡ്രൈവർ അടുക്കത് അയിരാണിപ്പൊയിൽ അനിൽ കുമാർ (50) ആണ് തിങ്കളാഴ്ച വൈകീട്ട് ഡ്യൂട്ടിക്കിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അന്തരിച്ചത്.
തന്റെ ജീവൻ പൊലിയുന്ന നിമിഷത്തിലും കാത്തുസൂക്ഷിച്ച അസാധാരണമായ ഉത്തരവാദിത്തബോധമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. വൈകീട്ട് സ്കൂൾ വിട്ട് കുട്ടികളുമായി വേളം ഭാഗത്തേക്ക് പോവുകയായിരുന്നു അനിൽകുമാർ. ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ബോധം മറഞ്ഞുപോകുന്ന അവസ്ഥയിലും, വണ്ടിയിലുള്ളത് ഒരുപറ്റം പിഞ്ചുകുഞ്ഞുങ്ങളാണെന്ന ബോധ്യം ആ കൈകൾക്ക് കരുത്ത് പകർന്നു. പരിഭ്രാന്തനാകാതെ വാഹനം റോഡരികിലേക്ക് മാറ്റി തികച്ചും സുരക്ഷിതമായി അദ്ദേഹം നിർത്തി.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തന്റെ ഫോണിൽ നിന്ന് സ്കൂൾ അധികൃതരെ വിവരമറിയിച്ചു. സ്കൂൾ അധികൃതർ ഉടൻ തന്നെ ആംബുലൻസുമായി സ്ഥലത്തെത്തി അനിൽകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി ഡ്രൈവിംഗ് രംഗത്ത് സജീവമായിരുന്ന അനിൽകുമാർ നാടിനും വിദ്യാലയത്തിനും പ്രിയങ്കരനായിരുന്നു. മരണത്തിന് തൊട്ടുമുമ്പും അദ്ദേഹം കാണിച്ച ആത്മസംയമനവും കുഞ്ഞുങ്ങളോടുള്ള സ്നേഹവും നാടിന്റെ കണ്ണീരോർമ്മയാവുകയാണ്. അനിൽകുമാറിന്റെ വേർപാടിനെത്തുടർന്ന് മറ്റൊരു ഡ്രൈവർ എത്തിയാണ് വാനിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി വീടുകളിൽ എത്തിച്ചത്.
പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. കുറ്റ്യാടി കെ.എം.സി ആശുപത്രിയിലെ ജീവനക്കാരി നിഷയാണ് ഭാര്യ. കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥിനി പാർവണ മകളാണ്. സഹോദരി: അനില.

