അവസാന 5 മിനുറ്റിൽ തിരിച്ചു വരവ് , അർജൻ്റീന ഫൈനലിൽ 1-2
അറ്റ്ലാൻ്റ :പരുക്കൻ കളി ആധിപത്യം സ്ഥാപിച്ച ആദ്യ പകുതിക്കു പിന്നാലെ ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ തുടരെ രണ്ട് ഗോളുകൾ മടക്കി തിരിച്ചടിച്ച ലോക ചാംപ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ (1–2). ആന്തണി ഗോര്‍ഡനാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എൻസോ ഫെർണാണ്ടസും (85 ാം മിനിറ്റ്) പിന്നാലെ ലൗട്ടാരോ മാർട്ടിനസും (90+2) ഇംഗ്ലിഷ് വല നിറച്ച് അർജന്റീനയ്‌ക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്ന നിലവിലെ ചാംപ്യന്മാരായ അർജന്റീന, 20 ന് പുലർച്ചെ 12.30 ന് മുൻ ലോകചാംപ്യന്മാരായ സ്പെയിനിനെ നേരിടും.
ആദ്യ മിനിറ്റുകളിൽ ആധിപത്യം സ്ഥാപിച്ച ഇംഗ്ലണ്ട്, അർജന്റീനിയൻ ബോക്സിലേക്ക് നിരന്തരം ആക്രമിച്ചു കയറി. ഇരുടീമുകളിലെയും താരങ്ങൾ നിരന്തരം ഫൗൾ ചെയ്തത് കളിയുടെ ഒഴുക്കിനെ ബാധിച്ചു. താരങ്ങൾ തമ്മിൽ തർക്കത്തിനും ഇതു വഴിവച്ചു. പതിയെ ഇംഗ്ലിഷ് പോസ്റ്റ് ലക്ഷ്യമാക്കി അർജന്റീന നീക്കങ്ങൾ ആരംഭിച്ചു. ഇതിനിടെ ലയണൽ മെസ്സിക്ക് ബോക്സിൽ പന്തു ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഹൈഡ്രേഷൻ ബ്രേക്കിനു പിരിഞ്ഞ 23 ാം മിനിറ്റു വരെ ഗോളിലേക്കു നയിക്കുന്ന നീക്കങ്ങളൊന്നും ഇരു ഭാഗത്തുനിന്നുമുണ്ടായില്ല.
32–ാം മിനിറ്റിലാണ് പോസ്റ്റ് ലക്ഷ്യമാക്കി ആദ്യ പ്രധാന നീക്കമുണ്ടായത്. അർജന്റീന ബോക്സിലേക്ക് പന്തുമായി കയറാൻ ശ്രമിച്ച ജൂഡ് ബെല്ലിങ്ങാമിനെ എന്‍സോ ഫെർണാണ്ടസ് ഫൗൾ ചെയ്തിനു ലഭിച്ച ഫ്രീകിക്കിൽ ഡെക്‌ലാൻ റൈസിന്റെ ഷോട്ടിൽ ജോൺ സ്റ്റോൺ ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക്. ഇതിനിടെ വീണ്ടും ഫൗളിനെ തുടർന്ന് താരങ്ങൾ തമ്മിൽ ഉന്തുംതള്ളുമായി. പിന്നാലെ ഇംഗ്ലിഷ് ബോക്സിനു പുറത്തുനിന്ന് എൻസോ ഫെർണാണ്ടസ് എടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. ഒരു ഓൺടാർഗറ്റ് ഷോട്ടുപോലും ഇരുടീമിനും അവകാശപ്പെടാനില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്

രണ്ടു പതിറ്റാണ്ടായി തുടരുന്ന തന്റെ കരിയറിൽ അര്‍ജന്‍റീനയ്ക്കായി 200 ലേറെ മല്‍സരങ്ങളില്‍ കളിച്ചിട്ടും ലയണൽ മെസ്സി ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് ഇതാദ്യമായാണ്. 2005ൽ ഹംഗറിക്കെതിരെ തന്റെ ആദ്യ രാജ്യാന്തര മത്സരം കളിച്ച മെസ്സി, എതിർതാരത്തെ കൈമുട്ടുകൊണ്ടിടിച്ചതിന് ആ കളിയിൽ ചുവപ്പു കാർഡ് കണ്ടിരുന്നു. അതിന് ശേഷം 2005 നവംബർ 12ന് അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മത്സരത്തിൽ സസ്പെൻഷൻ കാരണം മെസ്സിക്ക് കളിക്കാനായില്ല. പിന്നീട് ഇതേവരെ ഇരുടീമുകളും തമ്മിൽ കളിച്ചിട്ടില്ല.

