AI girlfriend

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

വാഷിംഗ്ടൺ :വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ മുസ്‌ലിം യുവാവിന് നേരെ ക്രൂരമായ ആക്രമണം .അമേരിക്കയിലെ യൂറ്റാ സംസ്ഥാനത്തുള്ള വെസ്റ്റ് വാലി സിറ്റിയിലെ വാലി ഫെയർ മാളിൽ ഇന്ത്യൻ വംശജനായ മുസ്ലിം യുവാവിന് നേരെയാണ് അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം നടന്നത്. മാളിലെ കിയോസ്കിൽ ജോലി ചെയ്യുകയായിരുന്ന സുഹൈൽ എന്ന യുവാവിനെയാണ് നടുറോഡിൽ വെച്ച് അക്രമി പതിനഞ്ച് തവണ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതി യുവാവിനോട് പേരും മതവും ചോദിച്ചറിയുകയും മുസ്ലിം ആണെന്ന് ഉറപ്പുവരുത്തിയ ശേഷം ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ യൂറ്റാ സ്വദേശിയായ പീറ്റർ മൈക്കൽ ലാർസൻ (48) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

താൻ മുസ്ലിങ്ങളെ കൊല്ലാൻ ഉദ്ദേശിച്ചാണ് ഇറങ്ങിപ്പുറപ്പെട്ടതെന്നും ഇയാളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമിച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. കുത്തേറ്റ സുഹൈൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായി തുടരുകയാണ്. മാളിലെ കടയിൽ സാധനങ്ങൾ വിൽക്കുകയായിരുന്ന സുഹൈലിന്റെ അടുത്തേക്ക് പ്രതിയായ പീറ്റർ ലാർസൻ നടന്നെത്തുകയും കുടിക്കാൻ ഒരു കുപ്പി വെള്ളം ആവശ്യപ്പെടുകയുമായിരുന്നു. ഇതോടൊപ്പം യുവാവിന്റെ പേരും മതവും ചോദിച്ചു. വെള്ളമെടുക്കാനായി സുഹൈൽ തിരിഞ്ഞ നിമിഷം പ്രതി കയ്യിലുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് അതിക്രൂരമായി കുത്താൻ തുടങ്ങി. ശരീരമാസകലം കടുത്ത മുറിവുകളേറ്റ് ചോരയിൽ കുളിച്ച സുഹൈലിനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന ജീവനക്കാരി ലൂണ നൂനെസ് കസേരകളും ഷൂസുകളും അക്രമിയുടെ നേർക്ക് എറിഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ലാർസൻ ആക്രമണം തുടർന്നു. ഒടുവിൽ മാളിലുണ്ടായിരുന്ന മറ്റുള്ളവരും സുരക്ഷാ ജീവനക്കാരും ചേർന്ന് അക്രമിയെ ബലമായി കീഴടക്കി നിലത്തുപിടിച്ചിരുത്തുകയായിരുന്നു.

പ്രതിയായ പീറ്റർ ലാർസന് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതായി പോലീസ് വെളിപ്പെടുത്തി. 2022-ൽ സ്വന്തം വീടിന് തീയിടുകയും രക്ഷാപ്രവർത്തനത്തിന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2025 ജനുവരിയിലാണ് ഇയാൾ ജയിൽ മോചിതനായത്. ലാർസൻ സമൂഹത്തിന് വലിയൊരു ഭീഷണിയാണെന്നും വലിയ രീതിയിലുള്ള കൂട്ടക്കൊലകൾക്കും അക്രമങ്ങൾക്കും ഇയാൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും പോലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വധശ്രമം, നിരോധിത മാരകായുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാളെ സാൾട്ട് ലേക്ക് കൗണ്ടി ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *