യു. എസിൽ മുസ്‌ലിം തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പീറ്റർ മൈക്കൽ ലാർസൻ അറസ്റ്റിൽ
വാഷിംഗ്ടൺ :അമേരിക്കയിലെ ഉട്ടായിലുള്ള ഒരു ഷോപ്പിംഗ് മാളിൽ വെച്ച് മുസ്‌ലിം തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പീറ്റർ മൈക്കൽ ലാർസന പോലീസ് അറസ്റ്റ് ചെയ്തു. മുസ്‌ലിംകളെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇയാളെ ആക്രമിച്ചതെന്ന് പ്രതി പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
ഇന്ത്യയിൽ നിന്നുള്ള സയ്യിദ് സുഹൈലുദ്ധീൻ എന്ന തൊഴിലാളിക്കാണ് കുത്തേറ്റത്. മാളിലെ കിയോസ്കിൽ ജോലി ചെയ്യുകയായിരുന്ന ഇയാളോട് പ്രതി പേരും മതവും ചോദിച്ചറിയുകയും ഒരു കുപ്പി വെള്ളം ആവശ്യപ്പെടുകയും ചെയ്തു.തുടർന്ന് വെള്ളക്കുപ്പി എടുക്കാനായി തിരിഞ്ഞപ്പോൾ അക്രമിക്കുകയുമായിരുന്നു. കൈകൾ, ഹൃദയം, ശ്വാസകോശം എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹൈൽ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ ചേർന്നാണ് 48-കാരനായ പ്രതി പീറ്റർ മൈക്കൽ ലാർസനെ കീഴ്പ്പെടുത്തിയത്.

