കാക്കിക്കുള്ളിലെ അമ്മ മനസ്സ് അലിഞപ്പോൾ പോലീസ് ഓഫീസർ കണ്ടെത്തിയത് 119 കുട്ടികളെ .ചഞ്ചൽ യാദവ് ൻ്റെ സേവനം പ്രകീർത്തിച്ച് കുടുംബങ്ങൾ
ന്യൂഡെൽഹി:കാക്കിക്കുള്ളിലെ അമ്മ മനസ്സ് അലിഞ്ഞപ്പോൾ പോലീസ് ഓഫീസർ കണ്ടെത്തിയത് 119 കുട്ടികളെ .
സൗത്ത്-ഈസ്റ്റ് ഡൽഹിയിലെ ജൈത്പൂർ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്ന ചഞ്ചൽ യാദവ് എന്ന ഉദ്യോഗസ്ഥയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കാണാതായ 119 കുട്ടികളെയാണ് കണ്ടെത്തി കുടുംബങ്ങളുമായി ഒന്നിപ്പിച്ചത്.
2025 നവംബർ മുതൽ 2026 ഒക്ടോബർ വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ചഞ്ചൽ ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ചത്.
കണ്ടെത്തിയ കുട്ടികളിൽ 41 പേർ 14 വയസ്സിന് താഴെയുള്ളവരാണ്. ഇതിൽ മൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു.
ബാക്കി 78 പേർ 14-നും 18-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരാണ്.കുട്ടികൾക്ക് പുറമെ കാണാതായ 16 മുതിർന്ന വ്യക്തികളെക്കൂടി കണ്ടെത്തിയതോടെ, ചഞ്ചൽ സുരക്ഷിതമായി സ്വന്തം വീടുകളിൽ എത്തിച്ചവരുടെ ആകെ എണ്ണം 135 ആയി ഉയർന്നു.
ബീഹാർ, ഝാർഖണ്ഡ് ഉൾപ്പെടെ ഏഴോളം സംസ്ഥാനങ്ങളിൽ നടത്തിയ വിപുലമായ അന്വേഷണങ്ങൾക്കൊടുവിലാണ് ചഞ്ചലും സംഘവും ഈ കുട്ടികളെ കണ്ടെത്തിയത്.
കൃത്യമായ ആസൂത്രണത്തിലൂടെയും ശാസ്ത്രീയമായ അന്വേഷണ മികവിലൂടെയുമാണ് ചഞ്ചൽ ഈ വലിയ നേട്ടം കൈവരിച്ചത്.
ആധുനിക ഡിജിറ്റൽ സംവിധാനങ്ങളെയും സൈബർ സെല്ലിന്റെ സാങ്കേതിക സഹായങ്ങളെയും അവർ പരമാവധി പ്രയോജനപ്പെടുത്തി.
കാണാതായ കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ഫോൺ ലൊക്കേഷനുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിച്ചായിരുന്നു അന്വേഷണത്തിന്റെ തുടക്കം.
സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഭിച്ച സൂചനകളെ തങ്ങളുടെ കൺവെൻഷണൽ പോലീസ് ഇൻവെസ്റ്റിഗേഷൻ രീതികളുമായി (Ground level investigation) സമർത്ഥമായി സംയോജിപ്പിക്കാൻ ചഞ്ചലിന് കഴിഞ്ഞു.
ഒരു അമ്മ എന്ന നിലയിൽ കുട്ടികളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ സങ്കടം തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും, അതാണ് ഈ വലിയ ദൗത്യത്തിന് പിന്നിലെ തന്റെ പ്രചോദനമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി പോലീസിന്റെ പ്രത്യേക സ്റ്റാൻഡിംഗ് ഓർഡർ പ്രകാരമുള്ള കൃത്യമായ യോഗ്യതകൾ മറികടന്ന ചഞ്ചൽ യാദവ്, കാലാവധിക്ക് മുൻപായുള്ള പ്രത്യേക പ്രമോഷന് അർഹയായിട്ടുണ്ട്.

