ബെംഗളൂരുവില്‍ പെട്രോളടിച്ചവര് കുടുങ്ങി! കര്‍ണാടകയില്‍ പലയിടത്തും പെട്രോളില്‍ 30% എഥനോൾ
ബെഗ്ലുരു : കർണാടകയിൽ പെട്രോളടിച്ചവര് കുടുങ്ങി! .കര്‍ണാടകയില്‍ പലയിടത്തും പെട്രോളില്‍ 30% എഥനോ
കര്‍ണാടകയില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍, പെട്രോളില്‍ കലര്‍ത്തുന്നതായി കണ്ടെത്തല്‍. അനുവദനീയമായ 20 ശതമാനം പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കുന്നതായി കണ്ടെത്തിയെന്ന കര്‍ണാടക ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി റിസ്വാന് അര്‍ഷാദ് പറഞ്ഞു. സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്.
അഞ്ച് പെട്രോള്‍ പമ്പുകളില്‍ നാലെണ്ണത്തിലും അനുവദനീയമായ 20 ശതമാനം പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വില്‍ക്കുന്നു എന്നാണ് മന്ത്രി പറയുന്നത്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, ആഭ്യന്തര എഥനോള്‍ ഉല്‍പ്പാദകരെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയില്‍ ഇ20 പെട്രോള്‍ വിതരണം വേഗത്തിലാക്കിയത്.
ഇന്ധനത്തിലെ എഥനോളിന്റെ അളവിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയോട് എണ്ണ വിപണന കമ്പനികള്‍ പ്രതികരിച്ചില്ല. ഇതിനെത്തുടര്‍ന്ന്, വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 63 ഇന്ധന സാമ്പിളുകള്‍ പരിശോധനയ്ക്കായി ഒരു അംഗീകൃത സ്വകാര്യ ലബോറട്ടറിയിലേക്ക് അയച്ചതായി റിസ്വാന് അര്‍ഷാദ് പറഞ്ഞു. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ ഇപ്പോള്‍ വില്‍ക്കുന്ന ഇ20 പെട്രോള്‍ വാഹനങ്ങളുടെ മൈലേജിനെ ബാധിക്കുമെന്ന ആശങ്കയും, പഴയ വാഹനങ്ങളില്‍ ഇത് ഉപയോഗിക്കാന്‍ കഴിയുമോ എന്ന സംശയവും ഉയര്‍ത്തിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും വാഹന ഉടമകളും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 85 ശതമാനം എത്തനോള്‍ കലര്‍ത്തിയ പെട്രോള്‍ ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ജൂണില്‍ അറിയിച്ചിരുന്നു.
ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഫ്ലെക്സ്-ഫ്യൂവല്‍ വാഹനങ്ങള്‍ക്കായാണ് ഇ85 ഇന്ധനം ഉദ്ദേശിച്ചിട്ടുള്ളത്. അടുത്തിടെ പെട്രോളിലെ എഥനോളിന്റെ അളവ് നിലവിലുള്ള 20 ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ നിലവില്‍ സര്‍ക്കാരിന് പദ്ധതികളൊന്നുമില്ലെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിപരീതമാണ് സംസ്ഥാന സര്‍ക്കാരിന്റെ കണ്ടെത്തല്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള ചില സാമ്പിളുകളില്‍ 31.2 ശതമാനവും, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ നിന്നുള്ള സാമ്പിളുകളില്‍ 30.5 ശതമാനവും എഥനോള്‍ കണ്ടെത്തി. ബെംഗളൂരു, കോലാര്‍, ചിക്കബല്ലാപുര, ബെംഗളൂരു റൂറല്‍, രാമനഗര, മംഗളൂരു, തുമകുരു എന്നീ ജില്ലകളിലാണ് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയത്. അതേസമയം ഉപഭോക്താക്കളെ കബളിപ്പിച്ചതിന് ഈ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനം കണ്ടെത്തിയ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും, എണ്ണ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും അര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു. ഉപഭോക്താക്കള്‍ക്കായി ഒരു ഇ20 നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കുക, ഇന്ധന സ്റ്റേഷനുകളില്‍ എഥനോളിന്റെ അളവ് എത്രയാണെന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കുക, കൂടാതെ ഇ10 പെട്രോള്‍ വാങ്ങാനുള്ള സൗകര്യം വാഹന ഉടമകള്‍ക്ക് നല്‍കുക എന്നീ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.
ഭാരത് പെട്രോളിയം കോര്‍പ്പറേഷനും നടത്തുന്ന ലബോറട്ടറികളിലാണ് സാമ്പിളുകള്‍ ആദ്യം പരിശോധിച്ചത്. എന്നിരുന്നാലും, കമ്പനികള്‍ തിരികെ നല്കിയ റിപ്പോര്‍ട്ടുകളില്‍ എഥനോള്‍ ശതമാനം വെളിപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാനം ആരോപിച്ചു. ഇതോടെ ബെംഗളൂരുവിലെ എന്‍എബിഎല്‍ അംഗീകൃതവും ഐഎസ്ഒ-സര്‍ട്ടിഫൈഡ് ശ്രീറാം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി സ്വതന്ത്ര പരിശോധന നടത്താന്‍ അധികാരികള്‍ തീരുമാനിച്ചു.

