പാർലമെൻറിൽപ്രതിരോധം; വിദേശത്തുള്ള എംപിമാർക്ക് അടിയന്തരമായി തിരിച്ചെത്താൻ കോൺഗ്രസ് നിർദ്ദേശം നൽകി
ന്യൂഡൽഹി:വിദേശത്തുള്ള എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ്
കേന്ദ്രസർക്കാർ പാർലമെൻറിൽ വീണ്ടും അവതരിപ്പിക്കാൻ പോകുന്ന
മണ്ഡല പുനർനിർണയ, വനിതാ സംവരണ ബില്ലുകളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് എംപിമാർക്ക് ഞായറാഴ്ച തിരിച്ചെത്താൻ നിർദ്ദേശം നൽകിയത്
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ മുഴുവൻ എം.പിമാരും ഡൽഹിയിലെത്തണമെന്നാണ് നിർദേശം. അതേസമയം, ചികിത്സാർഥം വിദേശത്തേക്ക് പോയ കെ. സുധാകരൻ എം.പി സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
30ന് പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ നിർണായക കേന്ദ്ര മന്ത്രിസഭ യോഗം ഞായറാഴ്ച ചേരും. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾക്ക് യോഗം അംഗീകാരം നൽകിയേക്കും. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകളും തന്ത്രങ്ങളും ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃയോഗവും ഞായറാഴ്ച ചേരുന്നുണ്ട്.
നിലവിലെ ലോക്സഭ അംഗസംഖ്യ 543ൽനിന്ന് പരമാവധി 850 ആയി ഉയർത്താനും വർധിപ്പിക്കുന്ന സീറ്റുകളിൽ 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യാനുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ കമീഷൻ രൂപവത്കരണ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ബിൽ എന്നിവ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

