കസ്റ്റംസ് പരിശോധന വെട്ടിച്ച് ആയുധങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി
കൊച്ചി:കസ്റ്റംസ് പരിശോധന വെട്ടിച്ച് രാജ്യത്തേക്ക് ആയുധങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂട. ദുബായിൽ നിന്നെത്തിയ ഇവരിൽ നിന്നും എയർ റൈഫിളുകളാണ് കണ്ടെടുത്തത്. ലഗേജുകളിൽ നിന്ന് അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
റൈഫിളുകൾ അഴിച്ചുമാറ്റി പല ഭാഗങ്ങളാക്കിയ നിലയിലായിരുന്നു. ഇവ വിൽപ്പനയ്ക്കായി എത്തിച്ചതാണോ അതോ സ്വന്തം ആവശ്യത്തിനാണോ എന്ന കാര്യത്തിൽ കസ്റ്റംസ് അന്വേഷണം നടത്തിവരികയാണ്.
പിടികൂടിയ എയർ റൈഫിളുകൾ ഏത് ഇനത്തിൽപ്പെട്ടതാണെന്നും, ഇവ കൊണ്ടുവരാനോ ഉപയോഗിക്കാനോ ലൈസൻസ് ആവശ്യമുണ്ടോ എന്നും മനസ്സിലാക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍ നിന്ന് എങ്ങനെയാണ് ഇവ മറച്ചുകടത്തി വിമാനത്തിൽ കയറ്റിയതെന്നതും അന്വേഷണ പരിധിയിൽ വരും.

