മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത വിധത്തിലുള്ള പരാജയത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്: സാദിഖലി തങ്ങൾ

മലപ്പുറം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയുടെ ഭാഗമാകുമെന്നും നല്ലൊരു സ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍. മന്ത്രിസഭാ രൂപീകരണത്തില്‍ ചോദിക്കാതെ തന്നെ ലീഗിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത വിധത്തിലുള്ള പരാജയത്തിലേക്കാണ് നീങ്ങിയിരിക്കുന്നതെന്ന് തങ്ങള്‍ മീഡിയവണിനോട് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാണ്. ഭരണകൂടം സജീവമല്ലാതിരുന്നതും ജനകീയ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടാതിരുന്നതുമാണ് ഈ പതനത്തിന് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റം ഭരണവിരുദ്ധ വികാരത്തിന്റെയും മുന്നണിയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെയും പ്രതിഫലനമാണെന്ന് മുസ്‌ലിം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൈവരിച്ച മികച്ച പ്രകടനത്തെ അദ്ദേഹം എടുത്തുപറഞ്ഞു. ലീഗിനെ സംബന്ധിച്ച് ഇത് ചരിത്ര വിജയമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫും മുസ്ലിം ലീഗും തമ്മില്‍ വലിയ വിശ്വാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പുതിയ മന്ത്രിസഭയിലെ ലീഗിന്റെ പ്രാതിനിധ്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായ സമയത്ത് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *